കടലിലെ ഉപ്പിനോളം വരുമോ കണ്ണുനീരിലുള്ളത് ? രാവിലെ ബീച്ചിലെ ഓട്ടത്തിനിടയ്ക്ക് അഴിഞ്ഞ് പോയ ലേസ് കൂട്ടിക്കെട്ടുന്നതിനിടയ്ക്ക് ആതിര ഷെറിനോട് ചോദിച്ചു. ലേസ് കെട്ടിക്കഴിഞ്ഞ് ഷൂവില്‍ പറ്റിയ മണല്‍ ഒന്നു കുടഞ്ഞ് നോക്കുമ്പോള്‍ ചോദ്യത്തിന്റെ ആഫ്ടര്‍ എഫക്ട് പോലെ മിഴിച്ചു നില്‍ക്കുന്ന ഷെറിനെ ആണ് കണ്ടത്.
എന്താടീ ?
ഏയ് ഒന്നുമില്ല, വാ. അവള്‍ ഓടാന്‍ തുടങ്ങി
ആതിര പിന്നാലെയും.
തടി കൂടുന്നു എന്ന പരാതി ബോബി പറഞ്ഞ് തുടങ്ങിയതിനു ശേഷമാണ്, ഷെറിന്‍ രാവിലെയുള്ള ഓട്ടം തുടങ്ങിയത്. ആതിരയെയും വിളിച്ച് രാവിലെ ഓടാനിറങ്ങും. ഉറക്കമില്ലാത്തെ ജീവി ആയത് കൊണ്ട് അവള്‍ക്കത് പ്രത്യേകിച്ച് ഒരു പ്രയാസവും ഉണ്ടാക്കിയില്ല, മറിച്ച് സന്തോഷമായിരുന്നു. ഇപ്പോള്‍ ഷെറിന്‍ മടി പിടിച്ചാല്‍ തന്നെ ആതിര അവളെ എഴുന്നേല്‍പ്പിക്കുമായിരുന്നു.
ഓട്ടത്തിനിടയിലും ഷെറിന്റെ കലപിലാ സംസാരത്തിനിടയിലും കടലിനു കുറുകേ നീന്തി നീന്തി അപ്പുറമെത്തുന്നൊരു ഭ്രാന്തന്‍ സ്വപ്നത്തിലെ പിന്നാലെ ആയിരുന്നു ആതിര. അവളുടെ പൂച്ച ജിമ്മിയെ കൂടെ കൊണ്ടു പോവാനുള്ള ആലോചനയുടെ ഭാഗമായി ഒരു ദിവസം അതിനെ പിടിച്ച് വെള്ളം നിറച്ച ബാത്ത് ടബില്‍ ഇടുകയും ചെയ്തു. നനഞ്ഞു കുതിര്‍ന്ന് ടബിന്റെ ഓരത്തെക്കെത്താന്‍ പാടു പെടുന്ന പൂച്ചയെ ദയ തോന്നി ഷെറിന്‍ ആണ് രക്ഷപ്പെടുത്തിയത്. ഒരു ദിവസം ഓഫീസില്‍ നിന്ന് ഫ്ലാറ്റിലേക്ക് നടക്കുമ്പോള്‍ റോഡ് വക്കില്‍ നിന്ന് കൂടെ കൂടിയതാണ് പൂച്ച ആതിരയുടെ കൂടെ. അതിനെ ഓടിച്ചു വിടാന്‍ ഷെറിന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
എവിടെ നിന്നാണോ ദൈവമെ ഇവളുടെ തലയില്‍ ഈ ചിന്ത വന്നത്. ആദ്യമാദ്യം തമാശ ആയി തോന്നി കളിയാക്കുമായിരുന്നെങ്കിലും പതിയെ ഷെറിനു മനസിലായി തുടങ്ങിയിരുന്നു ആതിര സീരിയസായി തന്നെ പറയുന്നതാണെന്ന്. ഇങ്ങനെ ഒരു വട്ടല്ലാതെ വേറെ ഒന്നും കാണിക്കാത്തതു കൊണ്ട് ഷെറിന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് വേവലാതി പെട്ടിരുന്നില്ല. പക്ഷേ പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ അവളുടെ കടല്‍ നീന്തിക്കയറാനുള്ള ആഗ്രഹം വെളിപ്പെട്ടു തുടങ്ങുകയും ഓഫീസിലെ ചില മൂലകളില്‍ നിന്ന് അടക്കിയ ചിരികള്‍ ഉയരാന്‍ തുടങ്ങിയപ്പോഴേ ഷെറിന്‍ അവളെ വിലക്കിയിരുന്നു. എന്തായാലും ഓഫീസില്‍ വച്ചുള്ള ചര്‍ച്ചകള്‍ അതോടെ നിന്നുവെന്ന് വേണം പറയാന്‍.
എന്നോ അതുപോലെ തന്നെ നടക്കാനിറങ്ങിയ ദിവസമാണ് ഷെറിനോട് അവള്‍ അമ്മയെക്കുറിച്ച് പറഞ്ഞത്. ദേഹം മുഴുവന്‍ പടര്‍ന്ന് വെള്ളപ്പാണ്ടുമായ് പുറത്തിറങ്ങാതെ, അടച്ചിട്ട മുറിയില്‍ വര്‍ഷങ്ങളോളം കഴിഞ്ഞത്. ഒന്നും പറയാതെ ഒരു ദിവസം അച്ഛനെ കാണാതായത്. എടുത്ത് പറയാന്‍ മാത്രം ബന്ധുക്കളാരുമില്ലാതെ രണ്ട് വര്‍ഷത്തോളം ഒറ്റയ്ക്ക് കഴിയുക. ഏഴ് ബിയിലെ വെങ്കിടേശനായിരുന്നു ആകെ ആശ്വാസം. മുംബൈ പോലെ ഒരു മഹാനഗരത്തിലെ ഒരൊറ്റമുറി ഫ്ലാറ്റിലേക്കെത്തുന്നതിനു മുന്നേ എവിടെയായിരുന്നു, എന്തായിരുന്നു എന്നൊരിക്കല്‍ ഷെറിന്‍ ചോദിച്ചിരുന്നു. മറുപടി കിട്ടാത്ത അനേകം ചോദ്യങ്ങളുടെ ഡസ്റ്റ് ബിന്നിലേക്ക് അതു വലിച്ചെറിയുകയും ചെയ്തു. ഒരോര്‍മ്മ വരുന്ന നേരം ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയും, കേള്‍ക്കും എന്നല്ലാതെ കൂടുതലൊന്നും ഷെറിനും അറിയാന്‍ വയ്യായിരുന്നു.
ചില സമയങ്ങളീല്‍ മുറി അടച്ചിട്ട് മൂസിക് സിസ്റ്റത്തിനെ അതിന്റെ പരമാവധി ശബ്ദത്തില്‍ വച്ച് ഡാന്‍സ് ചെയ്യുമായിരുന്നു, അല്ല അതുറപ്പിച്ച് പറയാന്‍ കഴിയില്ല . ഒരിക്കലും അതു കണ്ടിട്ടുണ്ടായിരുന്നില്ല ഷെറിന്‍. വിയര്‍ത്ത് കുളിച്ച് പുറത്തിറങ്ങി വരുന്നത് കണ്ട് ഊഹിക്കാനല്ലേ കഴിയൂ.
ഡീ,
സോഫയുടെ പിന്നില്‍ നിന്നാരോ ചുമലില്‍ കുലുക്കി വിളിച്ചു. ഞെട്ടി നോക്കിയപ്പോള്‍ അവളാണ്.
നമുക്ക് പുറത്ത് പോകാം ?
പോവാം, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാരുന്നു, പോയേക്കാം.
ഞാന്‍ റെഡി നീ വേഗ്ഗം ഡ്രെസ്സ് ചെയ്ത് വാ
ഷെറിന്‍ തിരികെ വരുമ്പോള്‍ ആതിര അവളുടെ കാലിലെ ഒറ്റക്കൊലുസ് ശരിയാക്കുവാരുന്നു.
ഇതെന്നതാടീ, എപ്പോ വാങ്ങി?
ഇന്നലെ, നന്നായിട്ടുണ്ടോ ?
സ്വീറ്റ്. കൊള്ളാം നിനക്ക് ചേരുന്നുണ്ട്. നമുക്ക് പോകാം വാ
ആതിര ഉത്സാഹത്തോടെ എഴുന്നേറ്റ് മുന്നേ നടന്നു.
ടാക്സിക്കായി കാത്ത് നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു.
ഇങ്ങനെ ടാക്സിക്ക് കാത്ത് നില്‍ക്കുമ്പോള്‍ എപ്പോഴും പിന്നില്‍ ഒരു നിലവിളിയ്ക്ക് ഞാന്‍ കാതോര്‍ക്കാറുണ്ട്. കത്തിക്കരിയുന്ന പച്ചമാംസത്തിന്റെ മണം മൂക്കിലേക്കടിച്ചു കയറൂം. എത്ര ഒളിച്ചോടിയാലും പിന്നാലെ വന്ന് കുരുക്കും. അന്ന് വൈകുന്നേരം ഇതു പോലെ ജയശ്രീ വന്നിരുന്നു. പുറത്ത് പോകാം, ഒന്നു കറങ്ങി വരാം എന്ന ഓഫറുമായി. അമ്മയോട് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. ഒരു വാശിയ്ക്ക് ഞാനും. വഴക്കിട്ടാണ് പുറത്തിറങ്ങിയത്. പക്ഷെ അമ്മ തന്നെ ജയിച്ചു.
പത്ത് മിനുട്ടോളം നോക്കി നിന്നിട്ടാണ്‍ ടാക്സി കിട്ടിയത്. സ്ഥലം പറഞ്ഞ് കേറിയിരുന്നു. റേഡിയൊ ആണൊ സി ഡി ആണോ പാടുന്നതെന്ന് മനസിലായില്ല. ഏതോ തട്ടുപൊളിപ്പന്‍ പാട്ട്. ആതിര തലയാട്ടി പാട്ടു കേട്ടു കൊണ്ടിരുന്നു. ബാന്ദ്രാ വെസ്റ്റിലെ ഷോപ്പേര്‍സ് സ്റ്റോപ്പിലെ കവാടത്തില്‍ ഇറക്കി വിട്ട് ടാക്സി നീങ്ങുമ്പോഴാണ് ആതിര പറഞ്ഞത്.
നമുക്ക് തിരികെ പോയാലേ, ഇവിടെ എന്ത് ചെയ്യാന്‍
ങ്ഹേ , ഷെറിന് ആദ്യം ദേഷ്യമാണ് വന്നത്
തിരികെ പോവേ,എന്നാത്തിന്. പിന്നെ നീയെന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത് . മനുഷ്യനെ ചുറ്റിക്കുനതിനും വേണം ഒരു ലിമിറ്റ്.നിന്നോട് കൂട്ടു കൂടുമ്പോഴൊക്കെ എല്ലാരും പറയും, എനിക്ക് വട്ടാണെന്ന്. എന്നിട്ടും നിന്നൊട് കൂട്ട് കൂടിയതിനു എനിക്ക് ഇതു തന്നെ വേണം. എന്റെ വിധി.
ഷെറിന്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടെയിരുന്നു
എന്നാല്‍ വേണ്ട, നമുക്ക് കയറാം. ഇത്തിരി നേരം വായ് നോക്കാം വാടീ. ആതിര ഷെറിന്റെ കൈയ് പിടീച്ച് സ്റ്റെപ് കയറി നടന്നു. ഐസ് ക്രീം കൊണ്ടറില്‍ നിന്ന് ഒരു കോര്‍ണറ്റൊ വാങ്ങി ഓരം ചേര്‍ന്നു.
എടീ എനിക്കൊരു എം പി ത്രീ പ്ലേയര്‍ വാങ്ങിക്കണം.
വാങ്ങാം
ഒന്നു രണ്ട് ഷോപ്പില്‍ പരതിയതിനു ശേഷമാണ് ആതിരയ്ക്കിഷ്ടമായ ഒരെണ്ണം കിട്ടിയത്. ബില്ല് കൊടുത്ത് പുറത്തിറങ്ങി. ഏകദേശം ഒരു മണിക്കൂര്‍ കൂടെ അവിടെ തങ്ങിയ ശേഷം ഷെറിന്‍ തന്നെയാണ് പറഞ്ഞത്
പോകാം ?
പോവാം,ജയിലില്‍ നിന്നു വിടുതല്‍ കിട്ടിയ ഒരാളുടെ മുഖ ഭാവത്തില്‍ അവള്‍ പറഞ്ഞപ്പോള്‍ ഷെറിനു ചിരി പൊട്ടി.
തിരികെ ടാക്സിയില്‍ ഇരിക്കുമ്പോള്‍ ആതിര പറഞ്ഞു.
എന്നെ ആ നിലവിളീ പിന്തുടരുന്നു ഷെറിന്‍. കത്തിയെരിയുന്ന മണം. എനിക്കോടിയൊളീക്കാന്‍ കഴിയുന്നില്ല. എന്ത് ചെയ്തിട്ടും. ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ അതെന്റെ കൂടെയുണ്ട്.
നീ ഒന്നും ഓര്‍ക്കണ്ട. മറക്കെല്ലാം.
ഉം
പിന്നീട് അവളൊന്നും പറഞ്ഞില്ല.
ടാക്സിക്കാരന് കാശ് കൊടുക്കാന്‍ നില്‍ക്കുന്ന സമയത്തില്‍ ആതിര നടന്ന് കഴിഞ്ഞിരുന്നു.
എടീ ഞാനും വരുന്നു. ഷെറിന്‍ പിന്നാലെയെത്തി.
അകത്ത് ചെല്ലുമ്പോള്‍ എന്തോ വായിലിട്ട് വിഴുങ്ങി വെള്ളം കുടിക്കുന്ന ആതിരയെ ആണ് കണ്ടത്. ഫ്രിഡ്ജ് അടച്ച് മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു
നല്ല തലവേദന
ശരി നീ കിടന്നോ, ഒന്നു ഫ്രെഷ് ആയി, ഞാനും ദാ വരുവാ
ഊണ് മേശയില്‍ കിടന്ന കാലിയായ മരുന്നിന്റെ കവറുകള്‍ വേസ്റ്റ്ബിന്നിലേക്ക് ഇടും മുന്നെ നോക്കി. ഒരു കവറില്‍ ഹാലോപെരിഡോള്‍, മറ്റേത് പെര്‍ഫെനാസിന്‍.
തലവേദനയ്ക്കുള്ള ഗുളികയാണോ എന്തോ, ഇതിനു മുന്നേ കേട്ടിട്ടില്ല ഏതായാലും
മുഖം കഴുകി മുറീയില്‍ ചെല്ലുമ്പോള്‍ അവള്‍ കിടന്നിരുന്നു.
എടീ നീ ഉറങ്ങിയോ
ഇല്ല
തലവേദന കുറഞ്ഞോ ?
ഉവ്വ്, ഇപ്പോ കുറവുണ്ട്,നീ കിടക്കുന്നില്ലേ
പിന്നില്ലാതെ നല്ലക്ഷീണം
എന്നാ കിടന്നോ, ഞാന്‍ ദാ ഉറങ്ങി.
ഗുഡ് നൈറ്റ്
ഉറക്കത്തിലെപ്പോഴെ കണ്ട സ്വപ്നത്തിലെ ഏരിയല്‍ ഷോട്ടില്‍ കടലിനു കുറുകെ നീന്തി പോകുന്ന ഒരാളെ കണ്ടൂ. തിരികെ നീന്തുന്ന പൂച്ചയേയും. ഉറക്കം മുറിഞ്ഞ് എഴുന്നേറ്റ് കട്ടിലില്‍ പരതുമ്പോള്‍ ആതിരയെ കണ്ടില്ല. തുറന്ന് കിടന്ന് വാതിലിലൂടെ പുറത്തേക്കോടുമ്പോള്‍ ജിമ്മി കിടക്കാറുള്ള വാതിലിനോട് ചേര്‍ന്ന ഷൂ റാക്കിനടിയും ശുന്യമായിരുന്നു.
സൂചിക :
ഹാലോപെരിഡോള്‍, പെര്‍ഫെനാസിന്‍ - അക്യൂട്ട് ബൈ പോളാര്‍ ഡിസോര്‍ഡറിനുള്ള മരുന്നുകള്‍
14 comments:
ഉടഞ്ഞ കണ്ണാടിയില്‍ കാണുന്നത്
ഇതുപോലെയൊരു ആതിരയെ ഞാനറിയുന്നതിനാലാണോ എന്തോ കഥ നല്ല ഇഷ്‌ടമായി.
അല്പം എഡിറ്റിങ് വേണ്ടിയിരുന്നില്ലേ എന്നും തോന്നി.
മുകളിലെ കമന്റിന് ഒരു ഡിറ്റോ...
ഇതുപോലെയൊരു ആതിരയെ ഞാനറിയുന്നതിനാലാണോ എന്തോ കഥ നല്ല ഇഷ്‌ടമായി.
അല്പം എഡിറ്റിങ് വേണ്ടിയിരുന്നില്ലേ എന്നും തോന്നി...
കഥ ശ്ശി ഇഷ്ടായി
(അക്യൂട്ട് ബൈ പോളാര്‍ ഡിസോര്‍ഡറിനുള്ള മരുന്നുകള്‍
ഇതെന്തു സാധനമാണ്...?)
കഥയ്ക്ക് എന്താണ് അടിക്കുറിപ്പെഴുതെണ്ടാതെന്നറിയില്ല....
വാക്കുകള്‍ വിതുമ്പിപ്പോകുന്നു......അത്രയും ഉള്ളില്‍ തട്ടുന്ന ശൈലി....
ഞാന്‍ ബൂലോകത്ത് അധികമായില്ല...പക്ഷെ ഇത്ര നല്ല സൃഷ്ടി ഞാന്‍ വായിച്ചത് അപൂര്‍വ്വമാണ്....
പ്രസിദ്ധീകരിക്കാന്‍ കൊടുക്കാമോ...? ഒരു അപേക്ഷയാണ് .......
ബാക്കി പിന്നെ വായിക്കുന്നുണ്ട്....
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...
(ithu boo loka pathivaaya sukhippikkalaayi kaanaathirikkuka..angane thonnunnu enkil ithu delete cheyyuka...)
മനോഹരമായിരിക്കുന്നു നൊമാദ്,
ശരിക്കും നന്നായി എഴുതിയിരിക്കുന്നു. ആതിര മനസ്സില്‍ നീന്തുകയാണിപ്പോള്‍.അവിടെ അവള്‍ സുരക്ഷിതയായിരിക്കും കേട്ടോ :)
ഈ പോസ്റ്റ് ഇപ്പോഴാ കണ്ടതു. നന്നായിരിക്കുന്നു..:)
മനസ്സിന്റെ ഒരു വിങ്ങല്‍ എവിടയോ ഒളിങ്ങു ഇരിപ്പിലെ എന്ന് ഒരു സംശയം
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!
കഥ വായിച്ചപ്പോള്‍ ഉള്ളം കിടുങ്ങി.
ആശംസകള്‍.........
വെള്ളായണി
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!
ഈ കാഴ്ച്ചകള്‍ കാണാന്‍ കാണാന്‍ കണ്ണാടി ഉടയുകയൊന്നുംവേണ്ട!നന്നായിരിക്കുന്നു.
അതു കൊള്ളാട്ടോ...ഇപ്പോളാ വായിക്കാന്‍ അവസരം കിട്ടിയേ....എക്സാം റ്റൈം ആണേയ്!
എന്തായാലും ഒട്ടും നഷ്ടായില്ല കഴിഞ്ഞ കുറച്ചു മിനിട്ടുകള്‍!
അടിപൊളിയായിട്ടുണ്ട് കഥ എന്നെഴുതാം കഥശ്രമം വേണ്ടാ
Post a Comment